ഉത്തരം: മയിൽ
ആൺമയിലിനെ Peacock എന്നും പെൺമയിലിനെ Peahen എന്നും രണ്ടിനേയും ചേർത്ത് Peafowl എന്നും പറയുന്നു.
മയിൽ നമ്മുടെ ദേശീയപക്ഷിയാണ്.
കൂട്ടുകാരെല്ലാവരും മയിലിനെ കണ്ടിട്ടുണ്ടാവുമല്ലോ? ആരുടെയൊക്കെ പുസ്തകത്തിലാണ് മയിൽപീലി ഒളിപ്പിച്ചു വച്ചിരിക്കുന്നത്.
ഉയർന്ന മരങ്ങളും പൊന്തക്കാടുകളും ഉള്ള സ്ഥലങ്ങളിലാണ് സാധാരണയായി മയിലുകളെ കാണുക. അരുവികളും പൊയ്കകളും ഒക്കെയുള്ള സമതല പ്രദേശങ്ങളിലെ ചെറുകാടുകളാണ് മയിലുകൾക്ക് ഏറെ ഇഷ്ടം.
പുല്ലുകളുടേയും ചെടികളുടേയും ഇളം നാമ്പുകൾ, വിത്തുകൾ, പഴങ്ങൾ ഇവയൊക്കെയാണ് പ്രധാന ആഹാരം. പുഴുക്കൾ, കീടങ്ങൾ, പാറ്റകൾ, കൂടാതെ വണ്ട്, ഒച്ച്, പാമ്പ്, എലി, ഓന്ത്, പല്ലി ഇവയെ ഒക്കെയും ആഹാരമാക്കാറുണ്ട്. വളരെ വേഗത്തിൽ ഓടുന്നതിനും പറക്കുന്നതിനും ഇവയ്ക്കു കഴിയും.
കൂട്ടുകാർ മയിലാടുന്നതു കണ്ടിട്ടുണ്ടോ? ആൺമയിലിന്റെ വാലിന്റെ മുകളിൽ നിന്നാണ് പീലികൾ ഉണ്ടാകുന്നത്. ഈ പീലികൾ വാലിലെ തൂവലുകൾ ദേഹത്തോടു ചേരുന്ന ഭാഗം മൂടിവെക്കുന്നു. അതിന്റെ വാലിനേയും അതിനു മുകളിലുള്ള പീലികളേയും വിശറി പോലെ വിടർത്തിയാണ് മയിൽ നൃത്തം ചെയ്യുന്നത്.
പൊന്തക്കാടുകളിൽ തറയിൽ കുഴികൾ ഉണ്ടാക്കി അതിൽ ചപ്പും ചുള്ളിക്കമ്പുകളും നിരത്തിയാണ് കൂടു വക്കുന്നത്. ചിലപ്പോൾ കെട്ടിടങ്ങൾക്ക് മുകളിലും മയിൽ കൂടു വക്കാറുണ്ട്. കൂടുണ്ടാക്കുന്നതും അടയിരിക്കുന്നതും കഞ്ഞുങ്ങളെ പോറ്റുന്നതും എല്ലാം പെൺമയിലുകളാണ്.
നമ്മുടെ സാഹിത്യത്തിലും പഴഞ്ചൊല്ലുകളിലും ആചാരങ്ങളിലും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഒരു പക്ഷിയാണ് മയിൽ. മയിലിനെ ചുറ്റിപ്പറ്റി ഒട്ടേറെ തെറ്റായ ധാരണകളും വിശ്വാസങ്ങളും നമ്മുടെ രാജ്യത്ത് ഉണ്ട്. ഇക്കാരണങ്ങളാലും കാലാവസ്ഥാ മാറ്റങ്ങളാലും ഇന്ന് മയിലുകൾ ഏറെ ഭീഷണികൾ നേരിടേണ്ടി വരുന്നുണ്ട്.
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.
English Wikipedia
Malayalam Wikipedia
പ്രവർത്തനങ്ങൾ
- മയിലിനെ വരച്ച് നിറം കൊടുക്കുക.
- വീട്ടിൽ വളർത്തുന്ന കോഴിപ്പൂവനും ആൺമയിലും തമ്മിൽ കണ്ടുമുട്ടുന്നു. രണ്ടു പേരും അവരവരുടെ മേന്മകൾ പറഞ്ഞ് തർക്കിക്കുന്നു. അവർ തമ്മിലുള്ള സംഭാഷണം എഴുതുക.
- വരികൾ കൂട്ടിച്ചേർത്ത് കവിത പൂർത്തിയാക്കുക . ഈണവും താളവും നൽകി അവതരിപ്പിക്കുക.
കുന്നത്തെ മാമരച്ചോട്ടിലായി
ചന്തത്തിലാടുന്നതാരാരോ?
............................................
............................................
ഓരോ ചാലഞ്ചും കഴിയുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊക്കെ ചെയ്യണേ. ചെയ്ത പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ ഇടുകയും വേണം