ഉത്തരം: നാട്ടുവേഴാമ്പൽ
Common Grey Hornbill, Indian Grey Hornbill, കട്ടോടം ചാത്തൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇവയെ ധാരാളമായി കാണാം. മറ്റു ജില്ലകളിൽ അത്ര സാധാരണമല്ല.
ഉയരമുള്ള വൃക്ഷങ്ങളിലാണ് സാധാരണയായി ഇവയെ കാണുക.
ആല്, ഞാവൽ, വേപ്പ്, പാറകം മുതലായ പലതരം മരങ്ങളുടെ പഴങ്ങളാണ് ഇവയുടെ പ്രധാന ആഹാരം. ചെറുപ്രാണികൾ, പല്ലികൾ, ചെറുജീവികൾ എന്നിവയെയൊക്കെ തിന്നാറുണ്ട്.
വേഴാമ്പലുകളെ "കാടിന്റെ കർഷകർ" എന്നു വിളിക്കാറുണ്ട്. കാട്ടിലെ വലിയ മരങ്ങളുടെ പഴങ്ങൾ തിന്നിട്ട് വിത്തുകൾ ദൂരെ സ്ഥലങ്ങളിൽ ഇടുന്നതിനാൽ അവിടെ അത് മുളച്ച് വളരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പേരു വന്നത്.
ഞാവൽ, പുളി, മാവ് തുടങ്ങിയ വലിയ വൃക്ഷങ്ങളിലുള്ള പൊത്തുകളിലാണ് ഇവ കൂടുവക്കുക. മരപ്പോടുകളിലുള്ള ഇത്തരം കൂടുകളിലാണ് വേഴാമ്പലുകൾ മുട്ടയിടുക. മുട്ടയിടാനുള്ള കാലമാകുമ്പോൾ പെൺ വേഴാമ്പൽ പറ്റിയ ഒരു മരപ്പൊത്ത് കണ്ടു പിടിക്കുന്നു. സ്വയം അതിനുളളിൽ കടന്ന് പെൺകിളി അകത്തുനിന്ന് മരപൊത്തിന്റെ വാതിൽ അടക്കുന്നു. സ്വന്തം വിസർജ്യം ഉപയോഗിച്ചാണ് ഈ വാതിൽ അടക്കുന്നത്. വാതിൽ അടക്കുമ്പോൾ തന്റെ ചുണ്ട് പുറത്തേക്കിടാനുള്ള പഴുത് അതിലുണ്ടായിരിക്കും.
മുട്ടയിട്ട് കുഞ്ഞുങ്ങൾ വിരിഞ്ഞ് അവർക്ക് തൂവലൊക്കെ വരുന്നതു വരെ അമ്മക്കിളി ഈ കൂട്ടിലെ തടവറയിൽ തന്നെ ആയിരിക്കും. കുഞ്ഞുങ്ങൾ പുറത്തു വരാൻ 6 ആഴ്ച മുതൽ 12 ആഴ്ച വരെ സമയം എടുക്കും. ഈ കാലയളവിൽ അമ്മക്കിളിയുടെ പഴയ തൂവലുകൾ ഒക്കെ കൊഴിഞ്ഞ് തടിച്ചു കൊഴുത്ത് പുതിയ തൂവലുകൾ ഒക്കെ അണിഞ്ഞ് ഒരു സുന്ദരി ആയിട്ടുണ്ടാവും.
പെൺകിളി കൂട്ടിനുള്ളിലെ താമസം തുടങ്ങുന്നതു മുതൽ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളോടൊപ്പം പുറത്തിറങ്ങുന്നതു വരെയുള്ള കാലമത്രയും അവർക്ക് ഭക്ഷണമെത്തിക്കുന്നതും കാവലിരിക്കുന്നതുമൊക്കെ ആൺകിളിയാണ്.
വേഴാമ്പലുകളെ എവിടെയെങ്കിലും കാണാനിടയായാൽ കൂട്ടുകാർ അതിന്റെ പ്രത്യേകതകൾ ഒക്കെ ശ്രദ്ധിക്കണം. വലിയ, വളഞ്ഞ കൊക്കും നീണ്ട വാലും കൊക്കിന് മുകളിലായി ശിരസിൽ കാണുന്ന അലങ്കാരവുമെല്ലാം വേഴാമ്പലിനെ തിരിച്ചറിയാൻ സഹായിക്കും.
വേഴാമ്പലുകളുടെ വിഭാഗത്തിൽപെട്ട മലമുഴക്കി വേഴാമ്പൽ ആണ് കേരളത്തിന്റെ ഔദ്യോഗിക പക്ഷി.
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.
English Wikipedia
Malayalam Wikipedia
പ്രവർത്തനങ്ങൾ
- വേഴാമ്പലിന്റെ ചിത്രം വരച്ച് നിറം നൽകുക.
- വേഴാമ്പലുകളെ കുറിച്ചുള്ള ഐതീഹ്യങ്ങളും കേട്ടുകേൾവികളും കവിതാ ഭാഗങ്ങളും ശേഖരിക്കുക.
- വേഴാമ്പലിന്റെ കൂടുനിർമ്മാണം മുതൽ കുഞ്ഞുങ്ങൾ പുറത്തു വരുന്നതു വരെയുള്ള കാര്യങ്ങൾ കൂട്ടുകാർ മനസ്സിലാക്കിയല്ലോ ? ഇവയെല്ലാം മനസ്സിൽ വച്ച് ഒരു കവിത എഴുതുക.
ഓരോ ചാലഞ്ചും കഴിയുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊക്കെ ചെയ്യണേ. ചെയ്ത പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ ഇടുകയും വേണം