ചാലഞ്ച് 3 ഉത്തരം

വീഡിയോകൾ കാണുക

ഉത്തരം: പനങ്കാക്ക



കൂട്ടുകാർ പനങ്കാക്കയെ കണ്ടിട്ടുണ്ടോ? Indian Roller, പൊന്മ, നീൽകാന്ത് എന്നീ പേരുകളിൽ അറിയപ്പെടുന്നു. ചില സ്ഥലങ്ങളിൽ പൊന്മാനേയും പൊന്മ എന്ന് വിളിക്കാറുണ്ട്.

അന്ധ്ര, ഒറീസ്സ, തെലുങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക പക്ഷിയാണ് പനങ്കാക്ക.

തുറസ്സായ പറമ്പുകളിലും വയലുകളിലും ചരൽ നിറഞ്ഞ പ്രദേശങ്ങളിലും ഇവയെ കാണാം. തൂണുകളിലും വൈദ്യുതകമ്പികളിലും മതിലുകളിലും പനയുടേയും വലിയ വൃക്ഷങ്ങളുടേയും നിറുകയിലുമാണ് ഇവർ സാധാരണയായി ഇരിക്കുക.

തലഭാഗം പോയ തെങ്ങിലോ പനയിലോ ആണ് ഇവർ കൂടു കൂട്ടുക.

പ്രാണികൾ, പുൽച്ചാടി, ഓന്ത് , പല്ലി, പാറ്റകൾ, ചെറു ജീവികൾ ഇവയൊക്കെയാണ് ഇവരുടെ ആഹാരം. അതിനാൽ കർഷകരുടെ മിത്രമായാണ് അറിയപ്പെടുന്നത്.

വെറുതെ ഇരിക്കുമ്പോൾ അധികം നിറപ്പകിട്ടില്ലാത്ത ഒരു പക്ഷി ആണെന്ന് തോന്നും. ചിറകുകളിലുള്ള വ്യത്യസ്ത വർണങ്ങൾ അവ ചിറകു വിടർത്തി പറക്കുമ്പോഴേ കാണാൻ കഴിയൂ. കൂട്ടുകാർ എവിടെയെങ്കിലും പനങ്കാക്കയെ കാണാനിടയായാൽ അതിമനോഹര വർണങ്ങൾ ലയിച്ചു ചേരുന്ന ഈ അത്ഭുതക്കാഴ്ച്ച കാണാൻ ശ്രമിക്കണം.

പനങ്കാക്കകൾ ചില്ലറക്കാരല്ല. ഒരു പെൺപക്ഷിക്കു ചുറ്റും ഒന്നിലേറെ ആൺപക്ഷികൾ കൂടുക പതിവാണ്. ഇവർ തമ്മിൽ സംഗീതത്തിലും കായികാഭ്യാസങ്ങളിലും പൊരിഞ്ഞ മത്സരം തന്നെ ഉണ്ടാകും. ഒരേ സമയം എല്ലാവരും കൂടി പാടുന്നതിനാൽ ഒരു കോലാഹലം തന്നെ ആയിരിക്കും. രണ്ടും മൂന്നും പക്ഷികൾ ഒരേ സമയം ആകാശത്തേക്ക് പറന്നുയരുകയും പല പ്രാവശ്യം കരണം മറിഞ്ഞ് താഴേക്ക് പറന്നിറങ്ങുകയും ചെയ്യുന്ന കാഴ്ച ഏറെ കൗതുകകരമാണ്. വാശിയേറിയ മത്സരങ്ങൾക്ക് ശേഷമാണ് സ്വയംവരം.

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.



English Wikipedia

Malayalam Wikipedia




പ്രവർത്തനങ്ങൾ




  1. പനങ്കാക്കയെ കാണാൻ ശ്രമിക്കുക.

  2. പനങ്കാക്കയുടെ ചിത്രം വരച്ച് നിറം കൊടുക്കുക.

  3. വർണച്ചിറക് വിടർത്തി പറക്കുന്ന പനങ്കാക്കയെക്കുറിച്ച് ഒരു കവിത എഴുതുക.


ഓരോ ചാലഞ്ചും കഴിയുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊക്കെ ചെയ്യണേ. ചെയ്ത പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ ഇടുകയും വേണം

Copyright 2020