ചാലഞ്ച്2 ഉത്തരം

വീഡിയോകൾ കാണുക

ഉത്തരം: മണ്ണാത്തിപ്പുള്ള്



വണ്ണാത്തിപ്പുള്ള് എന്നും Magpie Robin എന്നും പറയും. കൂട്ടുകാരൊക്കെ മണ്ണാത്തിപ്പുള്ളിന്റെ പാട്ട് കേട്ടിട്ടുണ്ടോ? എന്നും വൈകി ഉണരുന്നവർക്ക് ആ ഭാഗ്യം കിട്ടിയിട്ടുണ്ടാവില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ഇവരെ കാണാം.


ചിറകിലുള്ള വെള്ളവര കണ്ടോ? എന്തു ഭംഗിയാ... പാവുമുണ്ട് മടക്കിയിട്ട പോലെ... തുണി അലക്കുന്നതു പോലെ ഇടക്കിടക്ക് നീണ്ട വാൽ പൊക്കുകയും താഴ്ത്തുകയും ചെയ്യും.


മണ്ണിലും മരങ്ങളിലും ഒക്കെയുള്ള ചെറിയ പുഴുക്കൾ, പാറ്റകൾ, പ്രാണികൾ ഇവയൊക്കെയാണ് ആഹാരം. പൂന്തേനുണ്ണാൻ വലിയ ഇഷ്ടമാണ്. മുരിക്കുപോലുള്ള മരങ്ങൾ പൂത്താൽ അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കും. രണ്ടുണ്ട് കാര്യം. തേനും കുടിക്കാം തേൻ കുടിക്കാൻ വരുന്ന പ്രാണികളേം തിന്നാം.


മരത്തിലും ചുമരുകളിലും ഉള്ള ഇരുണ്ട മാളങ്ങളിലാണ് ഇവർ കൂടുകെട്ടുന്നത്.

നേർത്ത ഊതനിറമുള്ള മുട്ടകളിൽ നിറയെ ചുവന്ന പൊട്ടുകളുണ്ടാവും.


മണ്ണാത്തിപ്പുള്ളിന്റെ പാട്ട് കൂട്ടുകാർക്ക് ഇഷ്ടമായോ? ഇവർ ചെറിയ മിമിക്രിക്കാര്‍ കൂടിയാണ് കേട്ടോ. ചിലപ്പോൾ മറ്റു കിളികളുടെ ശബ്ദം അനുകരിച്ച് നമ്മളെ പറ്റിക്കും.


കൂടിന് ചുറ്റുമുള്ള സ്ഥലത്ത് സ്വന്തം കൂട്ടുകാരിക്കല്ലാതെ മറ്റു മണ്ണാത്തിപ്പുള്ളുകൾക്ക് പ്രവേശനമില്ല. ഈ സ്ഥലത്തിന്റെ നാലതിരുകളിലുമുള്ള ഉയർന്ന മരത്തിന്റെ തുഞ്ചത്തിരുന്ന് എല്ലാ ദിവസവും രാവിലെ മധുരമായി പാടും. ഇത് ഒരു അവകാശ പ്രഖ്യാപനം കൂടിയാണ്. ഇതെന്റെ സാമ്രാജ്യമാണ് എന്നതിന്റെ.


കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഉപയോഗിക്കാം.



English Wikipedia

Birds of Kerala

Malayalam Wikipedia

നാളെ കൂട്ടുകാരെല്ലാം നേരത്തേ ഉണരുമല്ലോ? മണ്ണാത്തിപ്പുള്ളിന്റെ മധുര ഗാനം കേൾക്കാനാണേ.



പ്രവർത്തനങ്ങൾ



അഞ്ച് പ്രവർത്തനങ്ങൾ ഉണ്ട്. അതിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നവ തെരഞ്ഞെടുത്ത് ചെയ്യുക. എല്ലാം ചെയ്താലും കുഴപ്പമൊന്നുമില്ല. ചെയ്യുന്ന കാര്യങ്ങൾ കിളിപ്പാട്ട് ഗ്രൂപ്പിൽ ഇടണേ.




  1. മണ്ണാത്തിപ്പുള്ളിനെ നേരിട്ടു കാണുക, പാട്ട് കേൾക്കുക.

  2. മണ്ണാത്തിപ്പുള്ളിന്റെ ചിത്രം വരച്ച് നിറം കൊടുക്കുക.

  3. മണ്ണാത്തിപ്പുള്ളിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു നോക്കൂ. ഫോട്ടോ കിളിപ്പാട്ട് ഗ്രൂപ്പിൽ ഷെയര്‍ ചെയ്യണേ.

  4. മണ്ണാത്തിപ്പുള്ളിന്റെ പാട്ട് കേട്ട് അതിനനുസരിച്ച് വാക്കുകൾ എഴുതി ഒരു പാരഡിപ്പാട്ടുണ്ടാക്കുക. ഉദാഹരണത്തിന് വിഷുപ്പക്ഷിയുടെ പാട്ടിന്


  5. " അച്ഛൻ കൊമ്പത്ത്
    അമ്മ വരമ്പത്ത്
    ചക്കക്കുപ്പുണ്ടോ
    ചക്കിചേകോത്തി"

    എന്ന പാരഡി പോലെ. പാട്ടുണ്ടാക്കി പാടി ഗ്രൂപ്പിലിട്ടാൽ ഏറെ നല്ലത്.



    ഇതിനോടൊപ്പമുള്ള വീഡിയോയിൽ മണ്ണാത്തിപ്പുള്ള് കുളിക്കുന്നത് കണ്ടോ? അത് കിളികൾക്ക് വെള്ളം കുടിക്കാനും കുളിക്കാനും വേണ്ടി കർത്താമാമന്റെ വീട്ടിൽ വെച്ചിരിക്കുന്ന മൺപാത്രത്തിലെ വെള്ളത്തിലാ. ഇതു പോലെ ഒന്ന് നിങ്ങളുടെ വീട്ടിലും വക്കുകയല്ലേ? മുറ്റത്ത് തണലുള്ള ഒരിടത്ത് ഒരു പരന്ന പാത്രത്തിൽ (കിളിത്തൊട്ടി) കുറച്ച് വെള്ളം ഇന്നു തന്നെ വച്ചു നോക്കൂ. ജനലിൽ കൂടി കാണാവുന്ന സ്ഥലത്ത് വക്കണേ. വെള്ളത്തിന് 6-7 സെന്റീമീറ്ററിൽ കൂടുതൽ ആഴം വേണ്ട. വെള്ളം അവിടെ ഇരുന്നോട്ടെ. അത് കിളികൾ ഉപയോഗിച്ച് തുടങ്ങാൻ ഒന്നു രണ്ട് ആഴ്ച എടുത്തേക്കും.



    ഓരോ ചാലഞ്ചും കഴിയുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊക്കെ ചെയ്യണേ. ചെയ്ത പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ ഇടുകയും വേണം

Copyright 2020