ഉത്തരം: മീൻകൊത്തിച്ചാത്തൻ
ഇതാ . മീൻ കൊത്തിച്ചാത്തന്റെ ഈ വീഡിയോ കൂടി കണ്ടോളൂ.
എല്ലാവരും കിളിയുടെ പാട്ട് കേട്ടു. കിളിയേയും കണ്ടു. ഇതിന്റെ പേരാണ് മീൻകൊത്തിച്ചാത്തൻ.
White throated Kingfisher, White breaടted Kingfisher എന്നൊക്കെ പറയാറുണ്ട്.
പൊതുവേ അറിയപ്പെടുന്നത് പൊന്മാൻ എന്നാണ്. എന്നാൽ പൊന്മാൻ എന്ന പൊതു പേരിൽ അറിയപ്പെടുന്ന എട്ടു തരം കിളികളുണ്ട്.
മീൻകൊത്തിച്ചാത്തനെ എങ്ങനെ തിരിച്ചറിയും? കൊക്കിന്റെ അടിഭാഗത്തുനിന്നു തുടങ്ങി കഴുത്തിലൂടെ മാറിടം വരെയുള്ള ഭാഗത്തിന് വെള്ള നിറമായിരിക്കും.
കേരളത്തിൽ പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലുമെല്ലാം ഇവയെ കാണാം.
പുൽച്ചാടി, പല്ലി, ഓന്ത്, മത്സ്യം, ചെറു ജലജീവികൾ ഇവയൊക്കെയാണ് ഇഷ്ട ഭക്ഷണം.
കിണറുകൾക്കുള്ളിലും മൺതിട്ടകളിലും പാടത്തെ വരമ്പുകളിലുമൊക്കെ മണ്ണ് തുരന്നാണ് ഇവ കൂടുണ്ടാക്കുന്നത്.
ഈ ചങ്ങാതിമാരെ കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഇവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ "കേരളത്തിലെ പക്ഷികൾ" എന്ന പുസ്തകത്തിലുണ്ട്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ചും കൂട്ടുകാർക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാം.
English Wikipedia
Malayalam Wikipedia
ഈ വീഡിയോ കൂടി കണ്ടോളൂ. പൊന്മാൻ എന്ന വിഭാഗത്തിൽപ്പെട്ട ചെറിയ മീൻ കൊത്തിയുടേതാണിത്. രണ്ട് വിഭാഗത്തിന്റെയും വ്യത്യാസം ശ്രദ്ധിക്കണേ.
ഇനി ചില പ്രവർത്തനങ്ങളാവാം.
- വീട്ടിലുള്ള മുതിർന്ന ആരുടെയെങ്കിലും സഹായത്തോടെ ഈ കിളിയെ നേരിട്ട് കാണാൻ ശ്രമിക്കണം. പാട്ട് കേൾക്കമ്പോൾ ബഹളമുണ്ടാക്കാതെ ശ്രദ്ധിച്ച് കിളി എവിടെയാണ് ഇരിക്കുന്നതെന്നു് കണ്ടുപിടിക്കണം.
- ഇന്നു കണ്ട കിളികളിൽ ഏതെങ്കിലും ഒരെണ്ണത്തിന്റെ ചിത്രം വരച്ച് നിറം നൽകിയാലോ.?.
- ഈ കിളിയുമായി ബന്ധപെട്ട് ഒരു കവിത അല്ലെങ്കിൽ ഒരു കഥ എഴുതി നോക്കൂ.
- ചെറിയ മീൻ കൊത്തിയുടെ വീഡിയോയിൽ അവസാന ഭാഗത്ത് ഒരു കിളി പറന്നു പോയപ്പോൾ അവിടെയിരുന്ന കിളി എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക. ഒറ്റ വാചകത്തിൽ എഴുതൂ.
എല്ലാവരുടേയും നോട്ട് ബുക്ക് റെഡിയാണല്ലോ, അല്ലേ? ചിത്രവും കഥയും കവിതയും സംഭാഷണവുമൊക്കെ നോട്ട് ബുക്കിൽ എഴുതി വക്കുമല്ലോ? Eureka Kilippattu എന്ന വാട്സപ് ഗ്രൂപ്പിൽ ഇടുകയും ആവാം. ഇതെല്ലാം പിന്നീട് ആവശ്യം വരും കേട്ടോ. നമുക്കൊരു മെഗാ ഫൈനലൊക്കെ വേണ്ടേ! സംഗതി ഗംഭീരമാക്കണം. പിന്നെ നമ്മുടെ Eureka Kilippattu എന്ന വാട്സപ് ഗ്രൂപ്പിലേക്കും ഓൺലൈൻ യുറീക്കയിലേക്കും കൂട്ടുകാരേയും ബന്ധുക്കളേയും ഒക്കെ ചേർക്കാൻ മറക്കരുതേ.