ചാലഞ്ച് 12 ഉത്തരം

വീഡിയോകൾ കാണുക

ഉത്തരം: തവിടൻ ബുൾബുൾ



White Browed Bulbul എന്നും പറയും. ചെറിയ കുഞ്ഞുങ്ങളെപ്പോലെ കുറെ പദങ്ങൾ ഉരുവിട്ടുകൊണ്ടുള്ള കലപില കൂട്ടലും സന്തോഷം നിറഞ്ഞു തുളുമ്പുന്ന പ്രകൃതവും - അതാണ് തവിടൻ ബുൾബുൾ. ആരുടേയും മനം കവരുന്നതാണ് ഇവരുടെ ശബ്ദവും ചലനങ്ങളും.

മറ്റു ബുൾബുളുകളെപ്പോലെ ഇവയ്ക്ക് തലയിൽ ശിഖയോ തൊപ്പിയോ ഇല്ല. മരങ്ങളും പൊന്തകളും ഇടകലർന്നു കാണുന്ന കുറ്റിക്കാടുകളിലാണ് ഇവയെ കാണുന്നത്.

പല തരത്തിലുള്ള ചെറുപഴങ്ങളാണ് ബുൾബുളുകളുടെ പ്രധാന ആഹാരം. അരിപ്പൂച്ചെടി, അരയാൽ, പേരാൽ തുടങ്ങിയവയുടെ പഴങ്ങൾ ഏറെ ഇഷ്ടപ്പെട്ടവയാണ്. എട്ടുകാലികൾ, പുഴുക്കൾ, കീടങ്ങൾ, പാറ്റകൾ തുടങ്ങിയവയും ഇവ ഭക്ഷിക്കാറുണ്ട്.

അധികം ഉയരമില്ലാത്ത ചെടികളിലാണ് ഇവ കൂടുവക്കുക. സാധാരണയായി നിലത്തു നിന്നും മൂന്നോ നാലോ അടി ഉയരത്തിൽ കൂടു വക്കുന്നതിനാൽ അവയെ നിരീക്ഷിക്കാൻ എളുപ്പമാണ്. ചുള്ളികൾ, വാഴച്ചപ്പ്, ഓലനാര് തുടങ്ങിയവ ഉപയോഗിച്ചാണ് ഇവ കൂടുണ്ടാക്കുന്നത്. ആൺപക്ഷിയും പെൺപക്ഷിയും ഒരുമിച്ചാണ് കൂടുണ്ടാക്കുന്നതും കുഞ്ഞുങ്ങളെ പോറ്റുന്നതും.

തവിടൻ ബുൾബുളിന്റെ മുട്ടകൾ നീണ്ടുരുണ്ട് നേർത്ത ഊത നിറമുള്ളവ ആയിരിക്കും. ഇളം ചുവപ്പു നിറത്തിലുള്ള കുത്തുകളും പൊട്ടുകളും മുട്ടയുടെ പുറംതോടിൽ കാണാം.

കേരളത്തിൽ തവിടൻ ബുൾബുളുകളെ കൂടാതെ സാധാരണയായി കണ്ടുവരുന്ന രണ്ടിനങ്ങളാണ് നാട്ടുബുൾബുളുകളും ഇരട്ടത്തലച്ചി ബുൾബുളുകളും. ഇന്നത്തെ വീഡിയോയിൽ ഇവയെക്കൂടി പരിചയപ്പെടുത്തുന്നുണ്ട്.
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.



English Wikipedia

Malayalam Wikipedia

പ്രവർത്തനങ്ങൾ



  1. മൂന്നു തരം ബുൾബുളുകളേയും കാണുന്നതിനും അവയെ തിരിച്ചറിയുന്നതിനും ഉള്ള ശ്രമം നടത്തുക.

  2. മൂന്നു തരം ബുൾബുളുകളുടേയും തലയുടെ ചിത്രം വരയ്ക്കുക.

  3. രാവിലെ എഴുന്നേൽക്കാൻ മടിച്ചു കിടക്കുന്ന നിങ്ങളുടെ ജനാലക്കരികിൽ വന്ന് ഒരു ബുൾബുൾ നിങ്ങളെ നോക്കി കലപില കൂട്ടുന്നു. ബുൾബുളിന് നിങ്ങളോടും നിങ്ങൾക്ക് ബുൾബുളിനോടും പറയാനുള്ളത് എന്തായിരിക്കും? ഒന്നെഴുതി നോക്കൂ.

  4. സന്തോഷം തുടിക്കുന്ന കലപില വർത്തമാനം, ചുറുചുറുക്കുള്ള പ്രകൃതം, ഒരിടത്തും അടങ്ങിയിരിക്കാതെയുള്ള പറന്നു കളിക്കൽ ഇവയൊക്കെ ബുൾബുളുകളുടെ പ്രത്യേകതകളാണ്. ഇവയൊക്കെ മനസ്സിൽ വച്ചുകൊണ്ട് ഒരു ചെറു കവിത എഴുതുക. ഈണവും താളവും നൽകി പാടിയാൽ ഏറെ നന്ന്.


പന്ത്രണ്ട് ചാലഞ്ചുകളിലായി ഇതുവരെ നമ്മൾ 15 കിളികളെ പരിചയപ്പെട്ടു. നാളെ മുതൽ കുറച്ചു ദിവസത്തേക്ക് ഈ കിളികളുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങളായിരിക്കും ഉണ്ടാവുക. എല്ലാവരും തയ്യാറായി ഇരിക്കണേ ...

കിളിത്തൊട്ടി കാണാം




എന്തായി കൂട്ടുകാരേ ഇന്നലത്തെ പ്രവർത്തനം. എല്ലാവരും കിളിത്തൊട്ടി ഉണ്ടാക്കിയോ? കിളിത്തൊട്ടി വച്ചാൽ ഫോട്ടോ എടുത്ത് ഇടണേ. കിളി വരുന്നുണ്ടോ എന്ന് നോക്കുകയും വേണം. കിളികൾ അത് ഉപയോഗിച്ചു തുടങ്ങാൻ ചിലപ്പോൾ ഒന്നു രണ്ട് ആഴ്ച എടുത്തേക്കും. കിളികൾ വരാൻ വേണ്ടി നമുക്ക് കാത്തിരിക്കാം.

ഇനി നാളെ ചെയ്യാനുള്ള പ്രവർത്തനം.

പ്രവർത്തനം 2


നാളെ രാവിലെയും വൈകീട്ടും കുറച്ചു സമയം, അര മണിക്കൂർ എങ്കിലും, പുറത്തിറങ്ങി നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ പരിചയപ്പെട്ട 15 കിളികളിൽ ഏതിനെ എങ്കിലും കാണാൻ ശ്രമിക്കുക. ചിലപ്പോൾ ഒന്നിലേറെ കളികളെ കാണാൻ കഴിഞ്ഞു എന്നിരിക്കും. അതിൽ ഇഷ്ടമുള്ള ഏതെങ്കിലും ഒരു കിളിയെ നിങ്ങളുടെ ഒരു കൂട്ടുകാരന് / കൂട്ടുകാരിക്ക് പരിചയപ്പെടുത്തി കൊടുക്കണം. കിളിയെ അറിയാത്ത ആൾക്ക് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ വേണം എഴുതാൻ. നിങ്ങൾ കണ്ടപ്പോൾ ആ കിളി എവിടെയായിരുന്നു, എന്തു ചെയ്യുകയായിരുന്നു, ആകൃതി എങ്ങനെ, കിളിയുടെ ഓരോ ഭാഗത്തും ഉള്ള നിറം, കണ്ണുകൾ, കൊക്ക്, കാലുകൾ, പറക്കുന്ന രീതി തുടങ്ങി തിരിച്ചറിയാൻ സഹായിക്കുന്ന എല്ലാം എഴുതണം. ഇത്തരത്തിൽ തയ്യാറാക്കിയ കുറിപ്പ് കിളിപ്പാട്ട് ഗ്രൂപ്പിലില്ലാത്ത ഒരു കൂട്ടുകാരന് / കുട്ടുകാരിക്ക് അയച്ചു കൊടുക്കുക. ഒപ്പം ഒരു കോപ്പി ഗ്രൂപ്പിലേക്കും ഇടണേ.

മഞ്ഞക്കിളിപ്പാട്ട്



ബുള്‍ബുളുകളുടെ കുളിമേളം



ഇതാ കണ്ടോളൂ ... ബുൾബുളുകളുടെ കളിമേളം...
ഛേ.... അല്ല, കുളിമേളം

ബുൾബുളുകളുടെ കുളി എല്ലാവരും കണ്ടുവല്ലോ. ഇതു കണ്ടിട്ട് കൂട്ടുകാർക്ക് എന്തു തോന്നി? വീഡിയോ വിശദമായി കാണണേ. ഇതു കണ്ടപ്പോൾ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയ വിചാരങ്ങൾ എന്തൊക്കെയാണ്? അവ ഒരു കുറിപ്പാക്കുക. എല്ലാവരും എഴുതി പോസ്റ്റു ചെയ്യണേ. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും എഴുതാം.

ഇത് നമ്മളുടെ മൂന്നാമത്തെ പ്രവർത്തനമാണ്.

പ്രവർത്തനം 4



കിളിമഹാസഭ നടക്കുകയാണ്. ഇപ്പോൾ നാട്ടിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്. മനുഷ്യരൊക്കെ വീട്ടിൽ തന്നെ ഇരിപ്പാണ്. ചുറ്റുമുള്ള സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ചിരുന്നു. അതനുസരിച്ച് കിളിക്കൂട്ടങ്ങളിൽ ഓരോരുത്തരായി അവരുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. എന്തൊക്കെയാവും അവർ അവതരിപ്പിച്ചിട്ടുണ്ടാവുക? റിപ്പോർട്ട് എഴുതി ഗ്രൂപ്പിലിടണേ.



Copyright 2020