ചാലഞ്ച് 11 ഉത്തരം

വീഡിയോകൾ കാണുക

ഉത്തരം: ഓലേഞ്ഞാലി



Indian Treepie, Rufous Treepie, ഓലമുറിയൻ, പുകബ്ലായി, കുട്യുർളിപക്ഷി, കോയക്കുറിഞ്ഞി, പൂക്കുറിഞ്ഞി, കാറാൻ, ചെലാട്ടി, കീരിയാറ്റ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

നാട്ടിൻപുറങ്ങളിലും പട്ടണങ്ങളിലും മരക്കൂട്ടങ്ങൾക്കിടയിൽ ഒലേഞ്ഞാലിയെ കാണാം. പുഴുക്കൾ, പ്രാണികൾ, പക്ഷിക്കുഞ്ഞുങ്ങൾ, മുട്ടകൾ, ലാർവകൾ ഇവയൊക്കെയാണ് പ്രധാന ആഹാരം. മരക്കൊമ്പുകൾക്കിടയിൽ നിന്നുമാണ് ഇവർ ആഹാരം സമ്പാദിക്കുന്നത്. ഇണകളായോ ചെറു കൂട്ടങ്ങളായോ ആണ് ഇര തേടുക. വെള്ളം കണ്ടാൽ ഇവയ്ക്ക് കുളിക്കാൻ ഏറെ ഇഷ്ടമാണ്.

വലിയ മരങ്ങളുടെ ഉയരത്തിലുള്ള കൊമ്പുകളിലെ ഇലച്ചാർത്തുകൾക്കിടയിലാണ് ഓലേഞ്ഞാലി കൂടു കെട്ടുക. ഉണങ്ങിയ ചുള്ളിക്കമ്പുകളും നാരുകളും കൂടുണ്ടാക്കാൻ ഉപയോഗിക്കും.

ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനായി പൊതുവേ ദുർബലരായ ആട്ടക്കാരൻ, മഞ്ഞക്കിളി തുടങ്ങിയ പക്ഷികൾ ശക്തന്മാരെന്ന് തോന്നുന്ന ഓലേഞ്ഞാലിയുടേയും കാക്കത്തമ്പുരാട്ടിയുടേയും കൂടിനടുത്ത് കൂടുകൂട്ടാറുണ്ട്. എന്നാൽ സൂത്രക്കാരനായ ഓലേഞ്ഞാലി ഈ പക്ഷികൾ കൂട്ടിലില്ലാത്ത സമയം നോക്കി അവരുടെ മുട്ടകളേയും കുഞ്ഞുങ്ങളേയും ഒക്കെ തട്ടിയെടുത്ത് സ്വന്തം കുഞ്ഞുങ്ങൾക്ക് ആഹാരമായി നൽകും.

കൂട്ടുകാരെല്ലാം ഓലേഞ്ഞാലിയെ കണ്ടിട്ടുണ്ടാവുമല്ലോ? ഇതുവരെ കാണാത്തവർ അച്ഛനേയും അമ്മയേയും ഒക്കെ കൂട്ടി അതിനെ ഒന്ന് കാണാൻ ശ്രമിക്കണേ.

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.



English Wikipedia

Malayalam Wikipedia

പ്രവർത്തനങ്ങൾ




  1. ഓലേഞ്ഞാലിയുടെ ചിത്രം വരച്ച് നിറം നൽകുക.

  2. ഓലേഞ്ഞാലിയുടെ ഫോട്ടോ എടുത്ത് ഗ്രൂപ്പിലിടുക.

  3. സ്വന്തം കുഞ്ഞുങ്ങളെ റാഞ്ചിയ ഓലേഞ്ഞാലിക്കെതിരേ പരാതിയുമായി മഞ്ഞക്കിളി പക്ഷിക്കോടതിയിൽ എത്തി. മയിലച്ഛനാണ് രാജാവും ന്യായാധിപനും. മണ്ണാത്തിപ്പുള്ളും മൈനയും സാക്ഷികളാണ്. കൂട്ടുകാർക്കിഷ്ടമുള്ളവരെ വക്കീലാക്കാം. ഈ കോടതി മുറിയിൽ നടക്കുന്ന വിചാരണയും വിധിയും ഒരു ലഘു നാടകമാക്കി എഴുതുക. വീട്ടിലുള്ള എല്ലാവരും ചേർന്ന് അവതരിപ്പിച്ച് അതിന്റെ ഓഡിയോ ഗ്രൂപ്പിലിട്ടാൽ ജോറായി. അല്ലെങ്കിൽ ഈ സംഭവം ആസ്പദമാക്കി ഒരു ചെറിയ കഥ എഴുതുക.


ഓരോ ചാലഞ്ചും കഴിയുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊക്കെ ചെയ്യണേ. ചെയ്ത പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ ഇടുകയും വേണം

Copyright 2020